01:51am 03 July 2026
NEWS
അണലിയുടെ കടി അണ്ണാക്കിൽ മേടിച്ചു പടമാകരുത്; ചെന്നിത്തലയെ തിരുത്തി ഡോ. ഷിംന അസീസ്
30/06/2026  10:39 AM IST
nila
അണലിയുടെ കടി അണ്ണാക്കിൽ മേടിച്ചു പടമാകരുത്; ചെന്നിത്തലയെ തിരുത്തി ഡോ. ഷിംന അസീസ്

ലഹരിക്കായി മാരകവിഷമുള്ള അണലിയുടെ കുഞ്ഞുങ്ങളെ ഉപയോഗിച്ച് നാവിൽ കൊത്തിക്കുന്ന പ്രവണതയുണ്ടെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശം വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ മന്ത്രിയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത് ആരോഗ്യരംഗത്തുള്ള വിദഗ്ധർ രംഗത്തെത്തിയിരിക്കുകയാണ്.

അണലിയുടെ വിഷം ശരീരത്തിൽ പ്രവേശിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും, ജീവൻ വരെ അപകടത്തിലാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഡോ. ഷിംന അസീസ് വ്യക്തമാക്കി. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവർ വിഷയത്തിൽ വിശദീകരണം നൽകിയത്.

അണലിയുടെ വിഷം രക്തത്തെ ബാധിക്കുന്ന ഹീമോടോക്സിക് വിഭാഗത്തിൽപ്പെടുന്നതാണെന്നും, കടിയേറ്റ വ്യക്തിയെ രക്ഷിച്ചെടുക്കുക പലപ്പോഴും അതീവ ദുഷ്കരമാണെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി. അതിനാൽ ഇത്തരം പരാമർശങ്ങൾ തെറ്റായ ധാരണകൾ പ്രചരിപ്പിക്കാൻ ഇടയാക്കുമെന്നും, ആരും ഇത്തരത്തിലുള്ള അപകടകരമായ പരീക്ഷണങ്ങൾക്ക് മുതിരരുതെന്നും അവർ മുന്നറിയിപ്പ് നൽകി.

അണലിയുടെ വിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ലാത്തതിനാൽ ലഹരിയുമായി ബന്ധപ്പെട്ട യാതൊരു അനുഭവവും അത് സൃഷ്ടിക്കില്ലെന്നും ഷിംന അസീസ് വിശദീകരിച്ചു. നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോടോക്സിക് വിഷമാണ് മൂർഖൻ, വെള്ളിക്കെട്ടൻ തുടങ്ങിയ പാമ്പുകളുടേതെങ്കിലും, അവയുടെ വിഷം ഉപയോഗിച്ചാലും ഗുരുതരമായ വിഷബാധയോ മരണസാധ്യതയോ വളരെ കൂടുതലാണെന്നും അവർ പറഞ്ഞു.

ലഹരിക്കായി പാമ്പുകളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പ്രചാരണങ്ങൾ ശാസ്ത്രീയ അടിസ്ഥാനമില്ലാത്തതും അതീവ അപകടകരവുമാണെന്ന് ഡോക്ടർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

കുറിപ്പിന്റെ പൂർണരൂപത്തിലേക്ക്..

അണലി വെറുതെ കൊത്തിയാൽ പോലും വിഷം അകത്തെത്തിയാൽ ആള് തീരാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തെ ബാധിക്കുന്ന 'ഹീമോടോക്സിക് വെനം' ആണ് അണലിക്ക്. ജീവൻ രക്ഷിച്ചെടുക്കൽ അതീവശ്രമകരമാണ്.

നാക്കിൽ അണലിയെ കൊണ്ട്‌ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല. ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയനേതാവിന്റെ പ്രസ്താവനയുടെ ഭാഗമെന്നതിനാൽ, ശ്രീ. രമേശ് ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതൽ പോപ്പുലർ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനുമൊക്കെ സാധ്യതയുണ്ട്. ദയവ് ചെയ്ത് ഈ പരിപാടി ഒന്നും ട്രൈ ചെയ്യരുത്.

രക്‌തത്തെ നേരിട്ട്‌ ബാധിക്കുന്ന തരമായ അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല. അതിനാൽ തന്നെ, ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം ഉണ്ടാകുകയുമില്ല.മൂർഖനും വെള്ളിക്കെട്ടനും ഒക്കെയാണ്‌ അത്തരത്തിലുള്ള ന്യൂറോടോക്‌സിക്‌ വെനം ഉള്ളത്‌. അവയെ ആണ്‌ ലഹരിക്കാർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്‌. ഇനി അവയെക്കൊണ്ട്‌ കൊത്തിച്ചാലും വിഷം കേറി ഏറിയും കുറഞ്ഞും മരിച്ച്‌ പോകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. അപകടമാണ്‌.

എന്ന്‌ മാത്രമല്ല, അണലിയുടെ ദംശനമേറ്റാൽ മരണപ്പെട്ടില്ലെങ്കിൽ പോലും ആയുഷ്കാലം നിലനിൽക്കുന്ന പ്രത്യാഘാതങ്ങൾക്ക്‌ സാധ്യതയുണ്ട് . കിടപ്പിലായി പോവാം, സ്‌ഥിരമായി കിഡ്നിയെ ബാധിക്കാം.. അങ്ങനെ കുറേ പ്രശ്നങ്ങൾ...

വളരെയേറെ രക്തക്കുഴലുകൾ നിറഞ്ഞ നമ്മുടെ നാക്കിൽ അണലി കൊത്തിയാൽ വിഷം അതിവേഗം ബഹുദൂരം രക്തത്തിൽ കലരാനും മരണം ഫാസ്റ്റ്ട്രാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. സാധാരണയിലും കൂടുതൽ വേഗത്തിൽ മരണം സംഭവിക്കാം.

നാക്കിൽ കൊത്തിക്കാൻ വേണ്ടി പ്രവചിക്കാൻ പറ്റാത്ത വേഗത്തിൽ ആക്രമിക്കുന്ന അണലിയെ പിടികൂടാൻ ശ്രമിച്ചാൽ ആ വകയിലും പാമ്പ്കടി ഏൽക്കാൻ ചാൻസുണ്ട്.

ഇനി അണലിക്കുട്ടിയെ പിടിച്ചു കടിപ്പിക്കാം എന്നു വെച്ചാൽ, സർപ്പക്കുട്ടിക്ക് പുറത്തേക്ക് വരുന്ന വിഷത്തിന്റെ അളവിൽ ഒരു നിയന്ത്രണവും കണ്ടേക്കില്ല. പാമ്പിൻകുട്ടി 'കുട്ടി' അല്ല. ലുക്കിൽ മാത്രമേ ചെറുതുള്ളൂ, വർക്കിൽ പലപ്പോഴും വളർച്ചയെത്തിയ പാമ്പിനേക്കാൾ കൂടുതൽ അപകകാരിയാണ് പാമ്പിൻകുട്ടികൾ.

മേൽ പറഞ്ഞ പല വിധ കാരണങ്ങളാൽ അണലിയുടെ കടി അണ്ണാക്കിൽ മേടിച്ചു പടമാകരുത്. പാമ്പിന്റെ കൊത്ത് ലഹരി തരില്ല.

കൂടെ ഒന്ന് കൂടി...ഒരു ലഹരിയും ഉപയോഗിക്കാൻ ശ്രമിക്കരുത്. നല്ലതൊന്നും ലഹരിയിൽ ഇല്ല, പ്രയോജനമുള്ളതൊന്നും ലഹരിയോ ലക്കുകേടോ ഉണ്ടാക്കുകയുമില്ല.

അശാസ്ത്രീയതയും അജ്ഞതയും പ്രചരിപ്പിക്കപ്പെടാതെ തന്നെ ഓപ്പറേഷൻ തൂഫാൻ ഇനിയും കേരളത്തിൽ ആഞ്ഞു വീശട്ടെ. നിരുപാധികം ലഹരിക്കെതിരെയുണ്ട്‌.

അണലി സ്വന്തം പ്രാരാബ്‌ധങ്ങളുമായി അണലിയുടെ പാട്ടിന് പൊക്കോട്ടെ. വെറുതേ ശല്യപ്പെടുത്തേണ്ട…

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img